കളിക്കാരനായും പരീശീലകനായും ലോകകീരീടം; ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു


ബ്രസീലിയ: പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കീരിടം നേടിക്കൊടുത്ത ഇതിഹാസ താരം മരിയോ സാഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയ ആദ്യതാരമായിരുന്നു സാഗല്ലോ.

ബ്രസീലിയന്‍ സോക്കര്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡോ റോഡ്രിഗസ് ആണ് സാഗല്ലോയുടെ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. കായികരംഗത്തെ വലിയ ഇതിഹാസങ്ങളിലൊന്നാണ് സാഗല്ലോ. ബ്രസില്‍ ഫുട്‌ബോളിലെ മഹാനായ നായകന്റെ വേര്‍പാടില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കും കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

1958ലും 62ലും ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ അംഗമായിരുന്നു സാഗല്ലോ. 1970ല്‍ ബ്രസീല്‍ വീണ്ടും ലോക കിരീടം ചൂടുമ്പോള്‍ പരിശീലകന്റെ കുപ്പായമണിഞ്ഞതും സാഗല്ലോയായിരുന്നു. 94ല്‍ ബ്രസില്‍ കിരീടം നേടുമ്പോഴും ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു അദ്ദേഹം. പിന്നീട് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിവര്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവറും ഫ്രാന്‍സിന്റെ ദഷംപ്‌സുമാണ്. ബെക്കന്‍ ബോവര്‍ 1974ലാണ് കളിക്കാരനായി ലോകകപ്പ് നേടിയത്. പിന്നീട് അദ്ദേഹം 1990ല്‍ പരിശീലകനായിരിക്കുമ്പോഴും ജര്‍മന്‍ ടീം ലോകകപ്പ് സ്വന്തമാക്കി.1998ല്‍ ഫ്രാന്‍സിന് കന്നികിരീടം നേടിക്കൊടുത്ത നായകനാണ് ദഷംപ്സ്. 2018 ക്രൊയേഷ്യയെ തോല്‍പ്പിച്ച് ഫ്രാന്‍സ് രണ്ടാം കിരീടം ചൂടിയത് ദഷംപ്സിന്റെ പരിശീലന മികവിലാണ്.

സാഗല്ലോയ്ക്ക് ഒപ്പം കളിക്കുകയും അദ്ദേഹം പരിശീലിപ്പിക്കുകയും ചെയ്ത നിരവധി താരങ്ങള്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. ബ്രസീല്‍ ഫുട്‌ബോള്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു സാഗല്ല. 13 ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടനമ്പര്‍. അത് തന്റെ ഭാഗ്യനമ്പറാണെന്നും അദ്ദേഹം വിശ്വസിച്ചു. 13 എന്ന നമ്പറില്‍ താന്‍ ജനിച്ച വര്‍ഷത്തിന്റെ അവസാന രണ്ട് അക്കങ്ങള്‍ അടങ്ങിയിരുന്നതും അങ്ങനെ വിശ്വസിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

ബ്രസീല്‍ 1958ല്‍ ആദ്യ കിരീടം നേടിയതുമുതല്‍ 2014ല്‍ ആതിഥേയത്വം വഹിച്ച ലോകകപ്പ് വരെ രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ സാഗല്ലോ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2018, 2022 ലോകകപ്പ് ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ബ്രസീല്‍ ടീം അദ്ദേഹത്തിന്റെ ഉപദേശം തേടിയിരുന്നു.


Read Previous

ചാണകം മെഴുകിയ തറയില്‍ കിടന്നു വളര്‍ന്നയാളാണ് ഞാന്‍’; ബിജെപിയെ വെല്ലുവിളിച്ച് പ്രതാപന്‍

Read Next

വാര്‍ണറുടെ മികവില്‍ പാകിസ്ഥാനെതിരായ പരമ്പര തൂത്തുവാരി ഓസിസ്; പ്രിയതാരത്തിന് വികാരനിര്‍ഭരമായ യാത്രയയപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular