പ്രവാസത്തിലും തുഴയെറിഞ്ഞ് പെൺകടുവകൾ| യുക്മ വള്ളംകളി – വനിതാ വിഭാഗത്തിൽ സ്കന്തോർപ്പ് വീണ്ടും ചാമ്പ്യൻമാർ


റോഥർഹാം മാൻവേഴ്സ് തടാകക്കരയെ പൂരപ്പറമ്പാക്കി മാറ്റി അഞ്ചാമത് കേരളപൂരം വള്ളംകളിക്ക് കൊടിയിറങ്ങി. വനിതകളുടെ ആവേശകരമായ പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്കന്തോർപ്പ് പെൺകടുവകൾ വിജയശ്രീലാളിതരായപ്പോൾ അബർ സ്വിത് മലയാളി അസ്സോസ്സിയേഷൻ വനിതകൾ രണ്ടാം സ്ഥാനവും NMCA നോട്ടിംഗ്ഹാം വനിതകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കന്തോർപ്പ് പെൺകടുവകൾ തുടർച്ച യായ രണ്ടാം വർഷമാണ് വിജയത്തിലെത്തിയത്.

വഞ്ചിപ്പാട്ടിന്റെ താളങ്ങൾ മാറ്റൊലിക്കൊണ്ട് നിന്ന മാൻവേഴ്സ് തടാകത്തിൽ രാവിലെ 10 മണി മുതൽ ആരംഭിച്ച മത്സരങ്ങൾ, കേരളപൂരത്തിന് വിശിഷ്ടാതിഥിയായെത്തിയ സുപ്രസിദ്ധ വ്ളോഗർ സുജിത് ഭക്‌തൻ ഫ്ളാഗ് ഓഫ് ചെയ്തു. യുക്മ ട്രോഫിക്ക് വേണ്ടി വൈകുന്നേരം നടന്ന ഫൈനൽ മത്സരത്തിന് മുമ്പായിട്ടാണ് വനിതകളുടെ പ്രദർശന മത്സരം നടത്തിയത്. ഒന്നാം സ്ഥാനം നേടിയ സ്കന്തോർപ്പ് പെൺകടുവകൾക്ക് യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം സുവർണ്ണ മെഡലുകളും യുക്‌മ ദേശീയ സമിതിയംഗം ജിജോ മാധവപ്പള്ളി ചുണ്ടൻവള്ളത്തിന്റെ ആകൃതിയിൽ തടിയിൽ തീർത്ത ട്രോഫിയും സമ്മാനിച്ചു.

രണ്ടാം സ്ഥാനത്തെത്തിയ അബർസ്വിത് ടീമിന് വേണ്ടിയുള്ള മെഡലുകൾ യുക്‌മ ദേശീയ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോയും ട്രോഫി യുക്മ യോർക്ക്ഷയർ & ഹംബർ റീജിയൻ പ്രസിഡന്റ് വർഗ്ഗീസ് ഡാനിയലും സമ്മാനിച്ചു. മൂന്നാം സ്ഥാനം നേടിയ നോട്ടിംഗ്‌ഹാം ടീമിനുള്ള മെഡലുകൾ യുക്മ ഈസ്റ്റ് ആംഗ്ളിയ റീജിയൻ സെക്രട്ടറി ജോബിൻ ജോർജ്ജും ട്രോഫി യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ബിജു പീറ്ററും സമ്മാനിച്ചു.

അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിയും അനുബന്ധ കലാപരിപാടികളും ചരിത്ര വിജയമാക്കി തീർക്കുവാൻ സഹകരിച്ച എല്ലാവർക്കും യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, കേരളപൂരം വള്ളംകളി ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ നന്ദി അറിയിച്ചു.


Read Previous

കാൽപന്തുക്കളി ടീമിനെ ഇറക്കി കേളി| റെഡ് സ്റ്റാർ ഫുട്ബോൾ ക്ലബ്ബ് രൂപീകരിച്ചു

Read Next

വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങി, ഒരിക്കല്‍ കൂടി സോഫ്റ്റ് ലാന്‍ഡിങ്; വിജയം തുടര്‍ന്ന് ഐഎസ്ആര്‍ഒ- വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular