“ഒറ്റക്കായിപ്പോയ ഒരു സ്ത്രീക്കേ സമൂഹത്തിലെ മാന്യന്മാരുടെ തനിനിറം അറിയൂ’ കണ്ണുതുറപ്പിക്കുന്ന കുറിപ്പുമായി റസീന


സ്ത്രീകൾ നേരിടേണ്ടി വരുന്ന കഷ്ടതകൾ കുറിച്ചും അവരുടെ പോരാട്ടങ്ങളെ കുറിച്ചും കണ്ണു തുറപ്പിക്കുന്ന കുറിപ്പുമായി റസീന എംഎ. സമൂഹത്തിന്റെ വിധിപ്രസ്താവങ്ങളെ അതിജീവിച്ചു കൊണ്ട് ജീവിതവിജയം നേടുന്ന സ്ത്രീകളെ കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് എച്ച്ആർ മാനേജറായി ജോലി നോക്കുന്ന റസീന സംസാരിക്കുന്നത്. പുതിയ ലുക്കിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നടി മഞ്ജുവാര്യർ നേടിയ അഭിനന്ദനങ്ങളെ വിലകുറച്ച് കാണുകയും അവരെ പ്രിവിലേജ് (വിശേഷാ ധികാരം) എന്ന ഒറ്റ വക്കിൽ തളച്ചിട്ടുകൊണ്ട് വിമർശിക്കാൻ വ്യഗ്രത കാട്ടിയവരെയും കുറിച്ച് റസീന തന്റെ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ഒപ്പം, തനിക്ക് ജീവിതത്തിൽ ഏറെ പ്രചോദനം നൽകിയ സ്ത്രീയെക്കുറിച്ചും.

മഞ്ജു വാര്യർക്ക് കിട്ടിയ കയ്യടി, വിജയം ഇതൊക്കെയും പലരും അങ്ങനൊരു നുകത്തിൽ കെട്ടി എഴുതിത്തള്ളുന്നത് കണ്ടു. എന്തൊരു കഷ്ടം! ഉള്ളവരെ സംബന്ധിച്ച് തിരിഞ്ഞു നടക്കാൻ ബുദ്ധിമുട്ട് കൂടുതലാണെന്നാണ് ഞാൻ മനസിലാക്കുന്നത്. അവരെ വിലയിരുത്താനും ഇഴ കീറി വിമർശിക്കാനും പൊതുവിടത്ത് ചെളി വാരിയെറിയാനും ആള് കൂടുതലുണ്ടാവും. എതിർ വശത്തുള്ളവർ തന്നേക്കാൾ privilege ഉള്ളവരാവുമ്പോൾ റിസ്ക് കൂടും.

റസീന

സോഷ്യൽ സ്റ്റാറ്റസിന്റെ പേരിൽ മാത്രം വിവാഹ മോചനത്തേക്കുറിച്ച് ചിന്തിക്കാനാവാത്ത ചിലരെയറിയാം. സമൂഹത്തിൽ തങ്ങൾക്കുള്ള വിലയും കുടുംബത്തിന്റെ അന്തസ്സും മൂലം മകളോട് വിവാഹ മോചനത്തേക്കുറിച്ച് ചിന്തിക്കരുതെന്ന് പറഞ്ഞ മാതാപിതാക്കളെ അറിയാം. വളരെ പണിപ്പെട്ടു അതിൽ നിന്ന് പുറത്തു ചാടിയവരെയും അറിയാം. ഒരാളെയും മറ്റൊരാളെ വച്ചു തുലനം ചെയ്യൽ സാധ്യമല്ല തന്നെ.ഞാനറിയുന്ന ഒരു കിടുക്കാച്ചി സ്ത്രീയുണ്ട്. പ്രിവിലേജുകളുടെ ഭാര മേതുമില്ലാത്ത, കൊടും വെയിലിൽ കത്തിയാളി ജീവിതം വെട്ടിപ്പിടിച്ച ഒരു സ്ത്രീ. ആ കനലിന്റെ ചൂടേതും കാഴ്ചയിൽ തോന്നാത്ത സുന്ദരിയായ, തന്റെടിയായ ഒരുവൾ. പ്രസവ ശേഷ ശുശ്രൂഷയുടെ ഭാഗമായി തിളച്ച വെള്ളം കൊണ്ട് ചൂട് പിടിക്കുമ്പോൾ പരാതി പറയുന്ന എന്നോട് താൻ കടന്നു വന്ന കനൽപ്പാതയെ കുറിച്ച് പരിഭവ ഭാവമേതുമില്ലാതെ അവർ പറയുമ്പോൾ മറുപടിയില്ലാതെ ഞാൻ തരിച്ചിരുന്നു പോയിട്ടുണ്ട്.

പഠിക്കാനാഗ്രഹിച്ചിട്ടും സാഹചര്യം മോശമായതിനാൽ സ്‌കൂളിൽ പോകാനാവാത്ത കുട്ടിക്കാലമാണ് അവരുടെ ഏറ്റവും വലിയ നോവ്. ഇന്നും എഴുതാനും വായിക്കാനും അറിയാത്തത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി അവർ പറയുമ്പോൾ ആ വേദന തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. പ്രസവ വേദന കൊണ്ട് അലറി വിളിച്ച അവരെ മലമുകളിലെ വീട്ടിൽ നിന്ന് കസേരയിലിരുത്തി താഴെ റോഡിലെത്തിച്ച കഥ കേട്ട് കഷ്ടം തോന്നിയ എന്നെ കാത്തിരുന്നത് അതിനേക്കാൾ ഭീകരമായ കഥകളായിരുന്നു.

രണ്ട് ദിവസം പ്രസവ വേദന കൊണ്ട് കഷ്ടപ്പെട്ടതും ഗവണ്മെന്റ് ഹോസ്പിറ്റലിലെ നഴ്‌സുമാർ വേണ്ടത്ര പരിഗണന കൊടുക്കാതെ കഷ്ടപ്പെടുത്തിയതും മാത്രമായിരുന്നില്ല. പ്രസവം കഴിഞ്ഞു വീട്ടിലെത്തി വിശക്കുമ്പോൾ കഴിക്കാൻ ആകെയുണ്ടായിരുന്നത് എത്ര വേവിച്ചാലും വേവാത്ത റേഷനരിയുടെ ചോറ് മാത്രമായിരുന്നു. കറി പോലുമില്ലാതെ അത് കടിച്ചു മുറിച്ചു കഴിച്ചത് വിശപ്പിന്റെ കാഠിന്യം കൊണ്ടായിരുന്നു. കഴിഞ്ഞില്ല.

പ്രസവം കഴിഞ്ഞു രണ്ട് മാസം കഴിഞ്ഞപ്പോളേക്കും പട്ടിണി മാറ്റാൻ തന്റെ കുഞ്ഞിനെ ചെറിയ ആങ്ങളയെ ഏൽപ്പിച്ചു വയറിൽ തോർത്ത് മുറുക്കിക്കെട്ടി അവർ കല്ല് വെട്ടാൻ പോയ കഥ കേട്ട് എന്റെ കുഞ്ഞിനെ ഇമ വെട്ടാതെ കാവലിരുന്ന് കഴിയുന്ന ഞാൻ തരിച്ചിരുന്നു പോയി!ഒടുവിൽ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് തങ്ങൾക്കൊരു ഗുണവുമില്ലാത്ത ഭർത്താവിനെ ഉപേക്ഷിച്ചു അവർ അക്ഷരാർത്ഥത്തിൽ വഴിയിലേക്കിറങ്ങി. കഠിനമായി അധ്വാനിച്ചും കഷ്ടപ്പെട്ടും മക്കളെ വളർത്തി, വീട് വച്ചു, അവരെ വിവാഹം കഴിപ്പിച്ചയച്ചു.

കണ്ടാൽ സുന്ദരിയും സകലരോടും വെട്ടൊന്ന് മുറി രണ്ട് എന്ന് സംസാരിക്കുകയും ചെയ്യുന്ന തന്റെടി യായ അവർ എന്നോട് പറഞ്ഞത് ‘ ഒറ്റക്കായിപ്പോയ ഒരു സ്ത്രീക്കേ സമൂഹത്തിലെ മാന്യന്മാരുടെ തനിനിറം അറിയൂ’ എന്നാണ്! ഒളിഞ്ഞും തെളിഞ്ഞും തനിക്ക് നേരെ നീളുന്ന കണ്ണുകളിൽ നിന്ന് രക്ഷപെടാൻ തലയണക്കടിയിൽ വെട്ടുകത്തിയും വച്ചു കിടന്നുറങ്ങുന്നവൾ! ഒറ്റക്കായവൾ! പോരാടുന്നവൾ! അവസാനം അവരെ കാണുമ്പോൾ നാട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ യൂണിഫോമിലായിരുന്നു. എനിക്കത്ഭുതം തോന്നിയില്ല. അവരുടെ സൗന്ദര്യവും, അഭിമാനവും, ജീവിതവും അവരുടെ മാത്രം നേട്ടങ്ങളാണ്.

ഇറങ്ങി നടന്നിടത്തു നിന്ന് ജീവിതം വെട്ടിപ്പിടിച്ചവൾ. അവരെപ്പോലുള്ളവരും iron butterflies തന്നെയാണ്! ലൈം ലൈറ്റിൽ അല്ലാത്തത് കൊണ്ട് അവരെ ആരുമറിയുന്നില്ല, ആഘോഷിക്കപ്പെടുന്നില്ല എന്നേയുള്ളൂ.ഓരോ കഥയും ഓരോ ജീവിതവും വ്യത്യസ്തമാണ്. privilege എന്നൊരു എളുപ്പ വാക്കിൽ ഒരു സ്ത്രീയുടെ പോരാട്ടത്തെ കുറച്ചു കാണിക്കരുത്. അവരുടെ മുടിയോ നിറമോ അല്ല, ആ മുഖത്തെ ചിരി, ആത്മവിശ്വാസം, അതിലേക്കെത്താൻ അവർ നടന്ന വഴി, സഹിച്ച നഷ്ടങ്ങൾ, എന്നിട്ടും ആരോപണങ്ങൾ കൊണ്ട് ആരെയും മുറിവേൽപ്പിക്കാതെ മാന്യമായി ഇറങ്ങി നടന്ന രീതി, ഒക്കെയും ബഹുമാനം അർഹിക്കുന്നുണ്ട്, കയ്യടി അർഹിക്കുന്നുണ്ട്.

വീണു പോയ, സ്നേഹം കൊണ്ട്, വിശ്വാസം കൊണ്ട് മുറിവേറ്റ ഓരോ സ്ത്രീക്കും പുരുഷനും പിടഞ്ഞെണീക്കാൻ, പറന്നുയരാൻ പ്രചോദനം നൽകുന്നുണ്ട്. അതാണ് അവരെ ഒരു icon ആക്കുന്നത്. model ആക്കുന്നത്. താൻ ജീവിക്കാത്ത ജീവിതങ്ങളെ നിസാരമായി എഴുതിത്തള്ളാതിരിക്കാം…!


Read Previous

സൗദി അറേബ്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. ഇന്ന്‍ സ്ഥിരീകരിച്ചത് 792 കേസുകള്‍ .

Read Next

ഫിറ്റ്നസ് ലോകത്തെ പറ്റി പറയാനുണ്ട് ഈ നാല്‍പ്പത്തിയഞ്ച്കാരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular