കുവൈറ്റില്‍ ഫാമിലി വിസ ഏതാനും തൊഴിലുകളിലുള്ളവര്‍ക്ക് മാത്രമായി തുടരും, റെസിഡന്‍സി നിയമലംഘകരുടെ എണ്ണം കുറയ്ക്കുക ലക്ഷ്യം


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിശ്ചിത തൊഴിലുകള്‍ ചെയ്യുന്നവര്‍ ഒഴികെയുള്ള പ്രവാസികള്‍ക്ക് ഫാമിലി വിസ തടഞ്ഞത് തുടരും. ഡോക്ടര്‍മാര്‍ പോലുള്ള ചില വിഭാഗങ്ങള്‍ക്ക് മാത്രമായി ഫാമിലി വിസ പരിമിതപ്പെടുത്തിയത് താമസനിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി തുടരാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റെസിഡന്‍സി നിയമലംഘകരുടെ എണ്ണം കുറയ്ക്കുന്നതിന് ആഭ്യന്തര മന്ത്രാലയം കഠിന പ്രയത്‌നത്തിലാണ്. വിവിധ തരം വിസകളിലെത്തിയ ശേഷം കാലാവധി കഴിഞ്ഞിട്ടും പുതുക്കുകയോ മടങ്ങിപ്പോവുകയോ ചെയ്യാത്തവര്‍ നിരവധിയുണ്ട്. ഇത്തരക്കാരെ കണ്ടെത്തി യാത്രാരേഖകള്‍ ശരിയാവുന്നതു വരെ ജലിയിലുകളില്‍ പാര്‍പ്പിക്കുകയും ടിക്കറ്റ് ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കി നാടുകടത്തുകയും ചെയ്യേണ്ടതുണ്ട്.

രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന വിദേശികളെ പിടികൂടി നാടുകടത്തുന്ന നടപടി ഊര്‍ജിതമാക്കാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളും തൊഴില്‍ വകുപ്പുകളും വിപുലമായ പരിശോധനയും നടപടികളും സ്വീകരിച്ചുവരികയാണ്.

എല്ലാ ഗവര്‍ണറേറ്റുകളിലും ആയിരക്കണക്കിന് തൊഴില്‍ നിയമലംഘകരെ ഈ വര്‍ഷം റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനായി രാജ്യത്തുടനീളം സുരക്ഷാ കാമ്പെയ്നുകള്‍ നടക്കുന്നുവരികയാണ്. 25 വര്‍ഷമായി അനധികൃതമായി കഴിയുന്ന ഈജിപ്തുകാരനായ പ്രവാസിയെ അടുത്തിടെ പിടികൂടിയിരുന്നു.

രേഖകളില്ലാതെ കഴിയുന്നവര്‍ക്ക് അഭയമോ ജോലിയോ നല്‍കുന്ന പ്രവാസികളെയും നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് ആകെയുള്ള 46 ലക്ഷം ജനങ്ങളില്‍ 34 ലക്ഷം പ്രവാസികളാണ്. 70 ശതമാനം വിദേശികളെന്ന ജനസംഖ്യാപരമായ ഈ അസന്തുലിതാവസ്ഥ കുറച്ചുകൊണ്ടുവരണമെന്ന മുറവിളി പലകോണുകളില്‍ നിന്നും ഏറെക്കാലമായി ശക്തമായി ഉയരുന്നുണ്ട്. സ്വദേശിവത്കരണ നടപടികള്‍ രാജ്യം സ്വീകരിച്ചുവരുന്നുണ്ട്.

ഒന്നര ലക്ഷത്തോളം പ്രവാസികള്‍ രേഖകളില്ലാതെ കഴിയുന്നുണ്ടെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. സുരക്ഷയും ക്രമസമാധാനവും നിലനിര്‍ത്തു ന്നതിന്റെ കൂടി ഭാഗമായി തൊഴില്‍ മേഖല നിയമാനുസൃതമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം കരുതുന്നു. ഈ വര്‍ഷം ആഗസ്ത് 19 വരെ 25,000ത്തിലധികം പേരെയാണ് കുവൈറ്റ് നാടുകടത്തിയത്. ഡിസംബര്‍ പൂര്‍ത്തിയാവുന്നതോടെ എണ്ണം 35,000 കടക്കും. ശരാശരി ദിവസേന 108 പ്രവാസികള്‍ എന്ന തോതിലാണ് നാടുകടത്തല്‍. തൊഴില്‍-താമസ നിയമലംഘകര്‍ക്ക് പുറമേ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, ഭിക്ഷാടകര്‍, ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയവര്‍ എന്നിവരേയും നാടുകടത്തുന്നുണ്ട്.


Read Previous

സൗദിയയും റിയാദ് എയറും സഹകരണ കരാറിലെത്തി; റിയാദ് എയറിന് വഴിയൊരുക്കാന്‍ സൗദിയ ജിദ്ദയിലേക്ക് മാറുന്നു, സൗദി എയര്‍ലൈന്‍സ് ഇരട്ട ഹബ് നയം ഉപേക്ഷിച്ചു, 2030ഓടെ ജിദ്ദ വിമാനത്താവളത്തിലേക്ക് പൂര്‍ണമായും മാറും

Read Next

പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍; മലയോരമേഖലയില്‍ രാത്രി യാത്രകള്‍ക്ക് നിരോധനം; ശബരിമല തീര്‍ഥാടകരെ ഒഴിവാക്കി; തൃശൂരിലും കനത്ത മഴ, ആലപ്പുഴയില്‍ മത്സ്യബന്ധന വള്ളം ഇടിമിന്നലേറ്റ് തകര്‍ന്നു; രണ്ടായി പിളര്‍ന്നതായി തൊഴിലാളികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular