ആന്‍ഡ്രോയിഡിന് അന്ത്യമായോ? ; ഫ്യൂഷിയ എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി ഗൂഗിള്‍.


സകല മേഖലകളും കീഴടക്കിയ ഗൂഗിളിന്റെ ജനപ്രിയ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. എന്നാല്‍, വളരെക്കാലമായി പണിപ്പുരയിലായിരുന്ന ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വിപണിയിലെത്തുകയാണ്. അതാണ് ഫ്യൂഷിയ ഒ.എസ്. ഗൂഗിള്‍ നെസ്റ്റ് ഹബ് സ്മാര്‍ട്ട് ഡിസ്പ്ലേയില്‍ ആണ് ആദ്യമായി ഫ്യൂഷിയ അവതരിക്കുന്നത്.

ആദ്യ തലമുറ ഗൂഗിള്‍ നെസ്റ്റ് ഹബിന് ഫ്യൂഷിയ ഒഎസ് ലഭിക്കാന്‍ തുടങ്ങി. ഫ്യൂഷിയ ഒഎസ് ആദ്യമായി 2016ല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അധികമാരും അറിഞ്ഞില്ലെന്നു മാത്രം. കഴിഞ്ഞ വര്‍ഷങ്ങളില്‍, ഗൂഗിള്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സ്മാര്‍ട്ട് ഹോം സെറ്റപ്പ്, ക്രോംബുക്കുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉപകരണങ്ങളില്‍ പരീക്ഷണം നടത്തി. ഏകദേശം 5 വര്‍ഷത്തിനുശേഷം, ഗൂഗിള്‍ ഒടുവില്‍ ഫ്യൂഷിയ ഒഎസ് പുറത്തിറക്കാന്‍ തുടങ്ങുകയാണ്.

7 ഇഞ്ച് വലിയ ഡിസ്പ്ലേയുള്ള ഗൂഗിള്‍ അസിസ്റ്റന്റ് പവര്‍ സ്മാര്‍ട്ട് സ്പീക്കറാണ് നെസ്റ്റ് ഹബ്. ഇത് 2018 ല്‍ തന്നെ ആരംഭിക്കുകയും ലിനക്‌സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമായ കാസ്റ്റ് ഒ.എസ്. പ്രവര്‍ത്തിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, ഫ്യൂഷിയ ഉള്‍പ്പെടുത്തി ഇതിന്റെ ഒഎസ് മാറ്റിസ്ഥാപിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുകയാണ്.

ഫ്യൂഷിയ ഒ.എസ്. അടിസ്ഥാനമാക്കിയുള്ള അപ്ഡേറ്റില്‍ യൂസര്‍ ഇന്റര്‍ഫേസില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടാവില്ല. എല്ലാ ഡിസൈന്‍ ഘടകങ്ങളും നെസ്റ്റ് ഹബിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനവും സവിശേഷതയും മുമ്പത്തെപ്പോലെ തന്നെ തുടരും.

ഫ്യൂഷിയ അടിസ്ഥാനമാക്കിയുള്ള അപ്ഡേറ്റ് വരും മാസങ്ങളില്‍ ഫസ്റ്റ്-ജെന്‍ നെസ്റ്റ് ഹബ് ഉപകരണങ്ങളിലേക്ക് വ്യാപിപ്പിക്കും. കാസ്റ്റ് ഒ.എസി.ല്‍ നിന്ന് ഫ്യൂഷിയ ഒ.എസി.ലേക്ക് പരിവര്‍ത്തനം വളരെ പതുക്കെ ചെയ്യാനാണ് ഗൂഗിളിന്റെ പദ്ധതി. സിര്‍ക്കോണ്‍ എന്ന മൈക്രോ കേര്‍ണലിനെ അടിസ്ഥാനമാക്കിയുള്ള ഫ്യൂഷിയ ഒ.എസ്, ഗൂഗിളിന്റെ സ്മാര്‍ട്ട് ഡിസ്പ്ലേകളെ അടിസ്ഥാനമാക്കിയുള്ള ലിനക്സ് അധിഷ്ഠിത കാസ്റ്റ് ഒ.എസിനെ മാറ്റിസ്ഥാപിക്കും.

ഗൂഗിള്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഫ്യൂഷിയ ഒഎസ് ഒരു പ്രൊഡക്ഷന്‍ ഗ്രേഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ലാപ്ടോപ്പുകളിലും സ്മാര്‍ട്ട്ഫോണുകളിലും ഫ്യൂഷിയ ഒ.എസ്. ഉപയോഗിക്കാന്‍ ഗൂഗിളിന് പദ്ധതിയുണ്ട്. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് പ്രിവ്യൂ പ്രോഗ്രാം ഇപ്പോള്‍ ലഭ്യമാകുന്നുണ്ട്.

ആന്‍ഡ്രോയിഡിന് പകരക്കാരനായി ഫ്യൂഷിയ മാറുമോ എന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. പൊതു ഉപയോഗത്തിനുള്ള ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം എന്ന രീതിയിലാണ് ഗൂഗിള്‍ ഫ്യൂഷിയയെ അവതരിപ്പിക്കുന്നത്. സുരക്ഷ, അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം, പെര്‍ഫോമന്‍സ് എന്നീ മൂന്ന് ഘടകങ്ങള്‍ക്കാണ് ഇതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഐഒഎസിനെ അപേക്ഷിച്ച് സുരക്ഷ വളരെ കുറവാണ് എന്നത് ആന്‍ഡ്രോയിഡിനെക്കുറിച്ചുള്ള പ്രധാന ആക്ഷേപമായിരുന്നു. ആ പ്രശ്‌നത്തിന് പരിഹാരവുമായാണ് ഫ്യൂഷിയ വരുന്നത്.


Read Previous

മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരി കോവിഡിനിരയായി.

Read Next

പ്രതീക്ഷയോടെ സൗദി പ്രവാസികൾ; രണ്ടാഴ്ച്ച ഇനി നിർണ്ണായക കാത്തിരുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular