മനപ്പൂർവം സൃഷ്ടിച്ച അപകടം; ഹാഷിമും അനുജയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല, RTO റിപ്പോർട്ട്


അടൂർ (പത്തനംതിട്ട): കെ.പി.റോഡിൽ കാർ, കണ്ടെയ്നർ ലോറിയിലിടിച്ച് അധ്യാപികയും യുവാവും മരിച്ച അപകടം മനപ്പൂർവം സൃഷ്ടിച്ചതെന്ന്
ആർടിഒ എൻഫോഴ്മെന്റിന്റെ പരിശോധനാ റിപ്പോർട്ട്. അമിതവേ​ഗത്തിലെത്തിയ കാർ‌ ബ്രേക്ക് ചവിട്ടാതെ എതിരെവന്ന കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാഹനം ഓടിച്ച ഹാഷിമും അനുജയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നും വ്യക്തമായിട്ടുണ്ട്. ലോറിയുടെ മുൻഭാ​ഗത്ത് നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ​ഗാർഡ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ​പോലീസിന്റെ ആദ്യഘട്ടത്തിലെ നി​ഗമനങ്ങൾ ശരിവെക്കുന്നതാണ് വാഹനങ്ങൾ പരിശോധിച്ചശേഷമുള്ള ആർടിഒ എൻഫോഴ്മെന്റ് റിപ്പോർട്ട്.

വ്യാഴാഴ്ച രാത്രി 10.45-നാണ് അടൂർ – പത്തനാപുരം റോഡിൽ പട്ടാഴിമുക്കിനുസമീപം കാർ കണ്ടെയ്നർ ലോറിയിലിടിച്ച് തുമ്പമൺ വടക്ക് ഹൈസ്കൂൾ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ (37), സ്വകാര്യബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം വില്ലയിൽ മുഹമ്മദ് ഹാഷിം (31) എന്നിവർ മരിച്ചത്. പത്തനാപുരം ഭാഗത്തുനിന്നും തെറ്റായ ദിശയിൽ വന്ന കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ അന്ന് മൊഴി നൽകിയിരുന്നു. കോട്ടയത്ത് ലോഡ് ഇറക്കിയശേഷം ശിവകാശിക്ക് പോകുകയായിരുന്നു ലോറി.

തുമ്പമൺ സ്കൂളിൽനിന്ന്‌ അധ്യാപകരും അവരുടെ മക്കളും ഉൾപ്പെടെ 23 പേർ തിരുവനന്തപുരം ഭാഗത്തേക്ക് വിനോദയാത്ര പോയി തിരികെ വരുമ്പോൾ വ്യാഴാഴ്ച രാത്രി 10.15-ന് കുളക്കടയിൽവെച്ച് അനുജ, മുഹമ്മദ് ഹാഷിമിനൊപ്പം കാറിൽ കയറി പോകുകയായിരുന്നു. കാർ വാനിന് കുറുകെയിട്ട ശേഷമാണ് അനുജയെ മുഹമ്മദ് ഹാഷിം വിളിച്ചിറക്കിക്കൊണ്ടുപോയതെന്നാണ് അധ്യാപകർ പോലീസിൽ മൊഴി നൽകിയിട്ടുള്ളത്.

ആദ്യം അനുജയോട് ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും അവർ മടിച്ചു. തുടർന്ന് മുഹമ്മദ് ഹാഷിം വാഹനത്തിന് കൂടുതൽ അടുത്തേക്ക് വന്നതോടെ അടുത്തിരുന്ന അധ്യാപികയോട് അത് അനുജനാണെന്നും കൂടെ പോകുകയാണെന്നും അനുജ പറഞ്ഞു. പിന്നീട് തങ്ങൾ ഫോണിൽ വിളിച്ചപ്പോൾ അനുജ ആദ്യം കരയുകയായിരുന്നെന്നും അധ്യാപകർ മൊഴി നൽകി. കുറച്ചുകഴിഞ്ഞ് അനുജ തിരികെവിളിച്ച് കുഴപ്പമില്ലെന്നും കുടുംബപ്രശ്നങ്ങളാണെന്നും അറിയിച്ചു. സുരക്ഷിതയാണെന്നും പറഞ്ഞു.

വീണ്ടും അധ്യാപകർ ഫോണിൽ വിളിച്ചെങ്കിലും അനുജ എടുത്തില്ല. ഇതേത്തുടർന്ന് അധ്യാപകർ അനുജയുടെ ബന്ധുക്കളെ വിളിച്ചു. വിവരങ്ങൾ അറിഞ്ഞപ്പോൾ അങ്ങനെ ഒരു ബന്ധുവില്ലെന്ന് അവർ അറിയിച്ചു. ഇതോടെയാണ് അധ്യാപികയെ ഒരാൾ വിളിച്ചുകൊണ്ടുപോയതായി അധ്യാപകർ അടൂർ പോലീസിൽ പരാതി നൽകാൻ ചെന്നത്. പരാതി എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് കെ.പി.റോഡിൽ നടന്ന അപകടവിവരം അധ്യാപകരോട് പോലീസ് പറയുന്നത്.


Read Previous

ഡി.കെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; മുന്‍പ് പരിഹരിച്ച വിഷയത്തിലാണ് വീണ്ടും നടപടിയെന്ന് ഡി.കെ #Income Tax Department notice to DK Shivakumar

Read Next

ഓണ്‍ലൈനില്‍ പിറന്നാള്‍ കേക്ക് വാങ്ങി; ഭക്ഷ്യവിഷബാധയേറ്റ് 10 വയസുകാരിയ്ക്ക് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular