ശ്രീവിദ്യയുടെ ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല; മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണവുമായി നടിയുടെ സഹോദരഭാര്യ


ചെന്നൈ: നടി ശ്രീവിദ്യയുടെ വില്‍പ്പത്രവുമായി ബന്ധപ്പെട്ട് മന്ത്രി ഗണേഷ് കുമാറി നെതിരെ ആരോപണങ്ങളുമായി ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി. ശ്രീവിദ്യയുടെ ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല. സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോണി ഗണേഷ് കുമാറാണെന്നും വിജയലക്ഷ്മി പറഞ്ഞു. സഹോദരന്‍ ശങ്കറിനെയും കുടുംബത്തെയും ശ്രീവിദ്യയില്‍ നിന്നും അകറ്റാന്‍ ഗണേഷ് ശ്രമിച്ചെന്നും വിജയലക്ഷ്മി ആരോപിച്ചു. 

ശ്രീവിദ്യയുടെ മരണത്തിന് രണ്ടു മാസം മുമ്പു മാത്രം എഴുതിയ വില്‍പ്പത്രത്തിന്റെ സാധുതയും വിജയലക്ഷ്മി ചോദ്യം ചെയ്തു. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പിക്ക് വിധേയയായ വേളയില്‍ ശ്രീവിദ്യ പവര്‍ ഓഫ് അറ്റോര്‍ണിയായി ഗണേഷ് കുമാറിനെ ചുമതലപ്പെടുത്തുന്ന വില്‍പത്രം തയാറാക്കി എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ശ്രീവിദ്യയുടെ നിരവധി സ്വത്തുക്കള്‍ വില്‍പ്പത്രത്തില്‍ ഇല്ലെന്നും വിജയലക്ഷ്മി പറയുന്നു.

15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വര്‍ണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സമ്പാദ്യങ്ങളുള്ളതായി വില്‍പ്പത്രത്തി ലുണ്ട്. ഇതിനെല്ലാം എന്തു സംഭവിച്ചെന്ന് അറിയില്ല. രണ്ട് ജോലിക്കാര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും, സഹോദര പുത്രന്മാര്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കണമെന്നും നിര്‍ദേശിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൃത്ത വിദ്യാര്‍ത്ഥികള്‍ക്ക് ട്രസ്റ്റ് വഴി സഹായം നല്‍കണമെന്ന വില്‍പത്രത്തിലെ പ്രധാന നിര്‍ദേശം നടപ്പാക്കിയിട്ടില്ല. ശ്രീവിദ്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന കലാക്ഷേത്രം ട്രസ്റ്റ് രൂപീകരിക്കാന്‍ നടപടിയുണ്ടാകണം. ചികിത്സയുടെ വിവരങ്ങള്‍ ബന്ധുക്കളില്‍ നിന്നു മറച്ചു വച്ച ഗണേഷ്, വക്കീല്‍ നോട്ടിസ് അയച്ചതിനു ശേഷമാണ് വില്‍പ്പത്രത്തിന്റെ വിശദാംശ ങ്ങള്‍ പോലും നല്‍കിയത്. കുടുംബാംഗങ്ങള്‍ ശ്രീവിദ്യയെ അവസാന കാലത്ത് ഉപേക്ഷിച്ചെന്നത് കള്ളപ്രചാരണമാണെന്നും വിജയലക്ഷ്മി പറഞ്ഞു.

സ്വത്തുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നെന്ന് ചൂണ്ടിക്കാട്ടി 2012ല്‍ ശ്രീവിദ്യയുടെ ബന്ധുക്കള്‍ ഗണേഷ്‌കുമാറിനെതിരെ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ശ്രീവിദ്യയുടെ വില്‍പ്പത്രത്തില്‍ നിര്‍ദേശിച്ച രീതിയില്‍ സ്വത്തു വകകള്‍ ഗണേശന്‍ വിനിയോഗിച്ചിട്ടില്ല.സഹോദരന്റെ മക്കള്‍ക്കായി വകയിരുത്തിയ 10 ലക്ഷം രൂപയും നല്‍കിയിട്ടില്ലെന്നു ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കര രാമന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് 2015ലും സഹോദരന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

ശാസ്തമംഗലം സബ് റജിസ്ട്രാര്‍ ഓഫിസില്‍ 2006 ഓഗസ്റ്റ് 17ന് ശ്രീവിദ്യ റജിസ്റ്റര്‍ ചെയ്ത വില്‍പത്രത്തിലാണ് മരണാനന്തരം നടപ്പാക്കേണ്ട കാര്യങ്ങളുള്ളത്. ട്രസ്റ്റ് രൂപീകരിച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം, സംഗീത- നൃത്ത സ്‌കൂള്‍ തുടങ്ങണം, സ്വത്തിന്റെ ഒരു വിഹിതം സഹോദരന്റെ രണ്ട് ആണ്‍മക്കള്‍ക്കു നല്‍കുക  എന്നീ കാര്യങ്ങളാണ് വില്‍പ്പത്രത്തിലുള്ളത്. വില്‍പ്പത്രം ഗണേഷ് അട്ടിമറിച്ചതായി ശങ്കര രാമന്‍ ആരോപിച്ചു. എന്നാല്‍ എംഎല്‍എ എന്ന നിലയിലല്ല, വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വില്‍പ്പത്രം തന്റെ പേരില്‍ എഴുതിവച്ചതെന്നും ശ്രീവിദ്യയുടെ സ്വത്തുക്കളില്‍ ഭൂരിഭാഗവും നികുതിവകുപ്പിന്റെ കയ്യിലാണെന്നും ലോകായുക്ത യില്‍ ഗണേഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു.


Read Previous

കിഫ്ബി മസാലബോണ്ട് കേസ്: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

Read Next

കീഴടങ്ങാന്‍ സമയം തേടി ബില്‍ക്കിസ് ബാനോ കേസ് പ്രതികള്‍; ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular