കളമശ്ശേരി സ്ഫോടനം; വിദ്വേഷ പ്രചാരണത്തിന് കേസെടുത്തു; സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി


കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളർത്തിയതിന് കേസ് രജിസ്റ്റർ ചെയ്തു. റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് പ്രൊഫൈൽ പൊലീസ് നിരീക്ഷിച്ച് വരികയാണ്.

എറണാകുളം സ്വദേശിയാണ് പോസ്റ്റ് ഇട്ടതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പത്തനംതിട്ട പൊലീസ് അറിയിച്ചു. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വിദ്വേഷ പ്രതികരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കുട്ടി. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 12.40ന് കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. കുട്ടി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കി വരികയായിരുന്നു.

അതേസമയം സ്‌ഫോടന സ്ഥലത്ത് വെച്ച് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60) ആണ് മരിച്ചത്. ഇവര്‍ ഒറ്റയ്ക്കാണ് പ്രാര്‍ഥനാ യോഗത്തിനെത്തിയത്. ഇതാണ് ഇവരെ തിരിച്ചറിയാന്‍ വൈകിയതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ലയോണയെ കാണാനില്ലെന്ന് ബന്ധു പൊലീസില്‍ പരാതിപ്പെട്ടതാണ് നിര്‍ണായക മായത്. പിന്നാലെ രാത്രി വൈകി ബന്ധുവെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇവരുടെ കയ്യിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. ലയോണയുടെ മകള്‍ വിദേശത്ത് നിന്നെത്തിയ ശേഷം മൃതദേഹം തിരിച്ചറിയണം. ഇതിന് ശേഷം മാത്രം മൃതദേഹം വിട്ടുകൊടുക്കാമെന്ന നിലപാടിലാണ് അധികൃതര്‍. തൊടുപുഴ കാളിയാര്‍ സ്വദേശിയായ കുമാരി (53)യും ഇന്നലെ രാത്രി മരിച്ചിരുന്നു. ഇവര്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. 16 പേര്‍ ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്. നാല് പേരുടെ അതീവ ഗുരുതരമാണ്.


Read Previous

‘മുഖ്യമന്ത്രി നുണയന്‍, കൊച്ചിയില്‍ ബോംബ് പൊട്ടിയപ്പോള്‍ പിണറായി ഡല്‍ഹിയില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു’, അഴിമതിയും പ്രീണനവും ആരോപിക്കുന്നവരെ വർഗീയവാദിയാക്കുന്നു : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

Read Next

പാര്‍ട്ടി ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമില്ല: കേന്ദ്രം സുപ്രീം കോടതിയോട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular