വനിതാ ദിനത്തിൽ രണ്ട് വനിതാ പ്രതിഭകളെ ആദരിച്ച് നവോദയ കുടുംബവേദി.


റിയാദ്: നവോദയ കുടുംബവേദിയുടെ വനിതാദിനാചരണത്തോടനുബന്ധിച്ച് കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും വിജയപഥത്തിലെത്തിയ രണ്ടു പെൺകുട്ടികളെ പൊതുവേദിയിൽ ആദരിച്ച് നവോദയ കുടുംബവേദി. നിരവധി ദേശീയ അന്തർദേശീയ ബാഡ്മിന്റൺ മത്സരങ്ങളിൽ സ്വർണ്ണം കരസ്ഥമാക്കി ഒരേ സമയം ഇന്ത്യയുടേയും സൗദി അറേബിയയുടേയും അഭിമാനമായി മാറിയ റിയാദിലെ മലയാളി വിദ്യാർത്ഥി ‘ഖദീജ നിസ’, കായിക രംഗത്തും നൃത്തവേദികളും അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും തിളങ്ങി ഇംഗ്ലീഷ് ഭാഷയിൽ നോവലും എഴുതി തന്റെ പ്രതിഭ തെളിയിച്ച ‘ഗ്രീഷ്മ ജോയ്’ എന്നീ പെൺകുട്ടികളാണ് ആദരവിന്‌ അർഹരായത്.

സൗദി മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഖദീജ നിസ്സ എന്ന പ്രവാസി മലയാളി പെൺകുട്ടി. 2015 മുതൽ ബാഡ്മിന്റൺ മത്സരവേദികളിൽ സജീവമായ ഖദീജ റിയാദി ലെ ഐ ടി എഞ്ചിനീയറായ, കോഴിക്കോട് കൊടുവള്ളി സ്വദേശി കൂടത്തിങ്കൽ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ്. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ ഖദീജ നിസ്സ ഈ ചെറുപ്രായത്തിൽതന്നെ ദേശീയ അന്താരാഷ്ട്ര വേദികളിൽ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കി. 13 അന്താ രാഷ്ട്ര മെഡലുകളാണ് ഈ കൊച്ചുമിടുക്കി പൊരുതി നേടിയത്.

2023 ൽ റിയാദിൽ നടന്ന അറബ് ചാമ്പ്യൻഷിപ് (അണ്ടർ 19 വിഭാഗം, വ്യക്തിഗതയിനം, ഗേൾസ് ഡബിൾ‍സ്‌, മിക്സഡ് ഡൗബ്ൾസ്), മൂന്ന് വിഭാഗങ്ങളിലും സ്വർണ്ണം. ഇന്ത്യയിലെ രാജസ്ഥാനിൽ നടന്ന സി ബി എസ് ഇ നാഷണൽ ടൂർണമെന്റ് അണ്ടർ 19, വ്യക്തിഗത മത്സരത്തിൽ ജേതാവായി. സൗദിയിൽ നിന്നും ആദ്യമായാണ് ഒരു പെൺകുട്ടി ഗോൾഡ് മെഡൽ സ്വന്തമാക്കുന്നത്. സൗത്ത് ആഫ്രിക്കയിൽ നടന്ന അന്താരാഷ്ട്ര ബാഡ്മിന്റൺ മിക്സഡ് ഡബ്ബിൾസിലും ഗേൾസ് ഡബ്ബിൾസിലും സ്വർണ്ണം കരസ്ഥമാക്കി. സൗദി നാഷ ണൽ ഗെയിംസിൽ വിജയിയായ ഖദീജ നിസ്സയെ കാത്തിരുന്നത് സ്വർണ്ണം മാത്രമല്ല ഒരു മില്യൺ സൗദി റിയലുമാണ്. 2022 ലെ സൗദി നാഷണൽ ഗെയിംസിലും ഖദീജ സ്വർണ്ണം നേടിയിരുന്നു. അൾജീരിയയിൽ നടന്ന ഇന്റർനാഷണൽ വുമൺ’സ് ബാഡ്മിന്റൻ സീരീസിൽ വെങ്കല ജേതാവായി

ബാഡ്‌മെന്റൺ തരാം ഖദീജ നിസ്സയെ നവോദയ കുടുംബവേദി ആദരിക്കുന്നു

ബഹ്‌റൈൻ ഇന്റർനാഷണൽ ബാഡ്‌മെന്റൺ ജൂനിയർ ടൂർണമെന്റിൽ സൗദിയെ പ്രതിനിധീകരിച്ച് – മിക്സഡ് ഡൗബ്ൾസ് – വിഭാഗത്തിൽ സ്വർണ്ണവും ഗേൾസ് ഡൗബ്ൾ സിൽ വെള്ളിയും വ്യക്തിഗത മത്സരത്തിൽ വെങ്കലവും സ്വന്തമാക്കി. സി ബി എസ് ഇ സൗദി നാഷണൽ ക്ലസ്റ്റർ സ്‌കൂൾ മീറ്റിൽ (അണ്ടർ 19 – ഗേൾസ്) സ്വർണ്ണം കരസ്ഥമാക്കി. കസാഖിസ്ഥാനിൽ നടന്ന കസാക്കിസ്ഥാൻ ഫ്യുച്ചർ ഇന്റർനാഷണൽ സീരീസ് മിക്സഡ് ഡബിൾസിലും വിമൻസ് ഡബിൾസിലും വെങ്കലം നേടി. സൗദി വിമൻസ് ചാമ്പ്യൻ ഷിപ്പിലും വ്യക്തിഗത മത്സരത്തിലും ഡബിൾസിലും സ്വർണ്ണം നേടി. 2022 ലും സിംഗിൾ മത്സരത്തിൽ സ്വർണ്ണവും ഡബിൾസിൽ വെള്ളിയും ഖദീജ നേടിയിരുന്നു. 7 വയസ്സു മുതൽ ബാഡ്മിന്റൺ കളിച്ചുതുടങ്ങിയ ഖദീജ റിയാദിലെ ‘സിൻമ്മാർ’ ബാഡ്‌മെന്റൺ ഗ്രൂപ്പിൽ അംഗമാണ്.

2023 ലെ മിസ് കേരള മത്സരത്തിൽ “മിസ് ടാലന്റഡ് കേരള”യായി തെരഞ്ഞെടുക്കപ്പെട്ട ഗ്രീഷ്മ ജോയ് റിയാദിലെ മലയാളി വേദികളിൽ സുപരിചിതയാണ്. തൃശൂർ സ്വദേശി യായ ജോയ് റാഫേൽ – റാണി ടീച്ചർ ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തയാളാണ്. നർത്തകി, മോഡൽ, അഭിനേത്രി, കായികതാരം, എഴുത്തുകാരി അങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹയാണ് ഗ്രീഷ്മ എന്ന ബഹുമുഖ പ്രതിഭ.

ഡാൻസർ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഗ്രീഷ്മ, പ്രശസ്ത സംവിധായകൻ ജയൻ തിരുമനയുടെ സംവിധാനത്തിൽ റിയാദ് നവോദയ ഒരുക്കിയ തീപ്പൊട്ടൻ എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. അമ്മയും മകളും ആ നാടകത്തിൽ ഒന്നിച്ചഭിനയിച്ചു എന്ന പ്രത്യേകതയുമുണ്ട്. പിന്നീട് നിരവധി ഷോർട് ഫിലീമുകളിലും, ആൽബങ്ങളിലും, സതി എന്ന സിനിമയിലും നായികയായി പ്രേക്ഷക പ്രശംസ നേടി. 2023 ൽ നടന്ന മിസ് കേരള മത്സരത്തിൽ പങ്കെടുത്ത് മിസ് ടാലന്റഡ് കേരള എന്ന പദവി സ്വന്തമാക്കി.

റിയാദിൽ അൽ യാസ്മിൻ സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ 8 മുതൽ പത്താം ക്ലാസ്സുവരെ തുടർച്ചയായി സ്‌പോർട്സ് ചാമ്പ്യനായിരുന്നു ഗ്രീഷ്മ. ഓൾ സൗദി ക്ലസ്റ്റർ സ്പോർട്സ് മീറ്റിലും ലോങ്ങ് ജംബ് വിജയിയായി. ചാവറ പബ്ലിക് സ്കൂളിൽ +1, +2 വിദ്യാഭ്യാസ കാലഘട്ടത്തിലും സ്പോർട്സ് ചാമ്പ്യാൻ പദവി നിലനിർത്തി. പഠിക്കാൻ മിടുക്കിയായ ഗ്രീഷ്മ മണിപ്പാൽ യൂനിവേഴ്സിറ്റിയിൽ നിന്നും ബി എസ് സി സൈക്കോള ജിയിൽ ബിരുദം കരസ്ഥമാക്കി, ഇപ്പോൾ ജയിൻ യൂണിവേഴ്സിറ്റിയിൽ ന്യുറോ സൈക്കോളജിക്ക് പി ജി ഡിപ്ലോമ ചെയ്യുന്നു. 2020 ൽ 21 ഗുഡ് ഓൾഡ് ഡേയ്സ്- ലിവ് നോട്ട് സർവൈവ് എന്ന ഒരു നോവലും ഗബ്രിയേല മെയ് എന്ന തൂലികാ നാമത്തിൽ ഗ്രീഷ്മ എഴുതി പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് ഭാഷയിലെഴുതിയ ഈ നോവൽ ഒരു എഴുത്തു കാരിയെന്ന നിലയിലുള്ള ഗ്രീഷ്മയുടെ കഴിവ് തെളിയിക്കുന്നതാണ്.

നവോദയ കുടുംബവേദി കൺവീനർ ആതിര ഗോപനും മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിൽ ശബാന പർവീണും ചേർന്ന് ഉപഹാരം കൈമാറി ഖദീജ നിസ്സയെ ആദരിച്ചു. നാട്ടിലുള്ള ഗ്രീഷ്മയുടെ അസ്സാന്നിധ്യത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾ കുടുംബവേദി ഖജാൻജി അഞ്ജു ഷാജു, മോഡേൺ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽഅസീസ് എന്നിവരിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി. തനിക്ക് നൽകിയ ആദരവിന് ഖദീജ നിസ്സ നന്ദി രേഖപ്പെടുത്തി.


Read Previous

സ്ത്രീകളുടെ സാമൂഹ്യ പുരോഗതി വിദ്യാഭ്യാസത്തിലൂടെയും സാമ്പത്തിക സ്വാശ്രയത്തിലൂടെയും സാധ്യമാകൂ: ശബാന പർവീൺ

Read Next

തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ സുലൈ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular