നിവ്യ സിംനേഷ്: ‘റിയാദ് ജീനിയസ് 2024’


റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ‘റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്. കേളി കലാസാംസ്കാരിക വേദിയുടെ 23-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി മലാസ് ലുലു റൂഫ് അരീനയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിർത്തി നടന്ന പരിപാടിയിൽ 357 പേർ ആദ്യ റൗണ്ടിൽ മാറ്റുരച്ചു. 16 ചോദ്യങ്ങളിൽ നിന്നും കൂടുതൽ മാർക്ക് നേടിയ ആറുപേരുമായാണ് ഫൈനൽ മത്സരം നടന്നത്. നിവ്യ ഷിംനേഷ്, രാജേഷ്, ഷമൽ രാജ്, നിബു വർഗ്ഗീസ്, ബഷീർ, അക്ബർ അലി എന്നിവരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്.

കാതോർത്തും കൺപാർത്തും, ബേക്കേർസ് സ്ട്രീറ്റ്, പ്രവാസലോകം, ഗ്രാൻഡ് മാസ്റ്റർ സ്പെഷ്യൽ, മണിച്ചിത്രത്താഴ് എന്നിങ്ങനെ അഞ്ച് റൗണ്ടുകളായാണ് മത്സരം നടന്നത്. അത്യന്തം ആവേശവും ജിജ്ഞാസയും നിറഞ്ഞ മത്സരത്തിൽ കാണികളായെത്തിയ അയ്യായിരത്തോളം വരുന്ന ജനത നിശബ്ദരായി മത്സരാവസാനം വരെ വീക്ഷിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. ഓരോ റൗണ്ടുകൾ പിന്നിടുമ്പോഴും മത്സരാർത്ഥി കൾ ഒപ്പത്തിനൊപ്പം നീങ്ങിയത് കാണികളെ ആകാംക്ഷാഭരിതരാക്കി. ഫൈനൽ റൗണ്ടിൽ മാത്രം 90 പോയിന്റ് നേടി ആകെ 190 പോയിന്റ് കരസ്ഥമാക്കിയാണ് നിവ്യ വിജയ കിരീടം ചൂടിയത്.

ഗ്രാൻമാസ്റ്റർക്കൊപ്പം പ്രോഗ്രാം കൺട്രോളറായി വിഷ്ണു കല്യാണിയും പ്രവർത്തിച്ചു. സ്കോർ കൈകാര്യം ചെയ്യുന്നതിനായി സതീഷ് കുമാർ വളവിൽ, പ്രിയ വിനോദ്, സീന സെബിൻ, രഞ്ചിനി സുരേഷ്, ഹാരിഫ ഫിറോസ്, അംന സെബിൻ, നാസർ കാരക്കുന്ന്, ഗിരീഷ് കുമാർ, ജോമോൻ സ്റ്റീഫൻ, കൃഷ്ണ കുമാർ എന്നിവർ പ്രവർത്തിച്ചു. വിജയിക്കും ഫൈനൽ മത്സരാർത്ഥികൾക്കും മെമെന്റോയും സർട്ടിഫിക്കറ്റും കേളി സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രാൻഡ് മാസ്റ്റർ കൈമാറി.

ക്യാഷ്‌ പ്രൈസ് എംഎഫ്സി സെവന്റി കഫേ എംഡി സലാം ടിവിഎസ് നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. റിയാദ് ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത ആവേശകരമായ പരിപാടിയിൽ കാണികളായെ ത്തിയവരും സമ്മാനങ്ങൾ വാരിക്കൂട്ടി. സംഘാടകർ അവകാശപ്പെട്ടത് പോലെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട നൂറുക്കണക്കിന് കഴിവുകളെയാണ് ‘റിയാദ് ജീനിയസ് 2024’ ലൂടെ പുറം ലോകത്തേക്കെത്തിച്ചത്. വീട്ടമ്മയായ വിജയിയും മറ്റു മത്സരാർത്ഥികളും ജീവിത പ്രാരാബ്ദത്തിന്റെ ഭാഗമായി പ്രവാസം സ്വീകരിച്ച സാധാരണ തൊഴിലാളികളാണ്. അക്കാദമിക് തലങ്ങളിൽ നിന്ന് മാത്രം മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ നിന്നും വിഭിന്നമായി കഴിവുകളെ മാറ്റി നിർത്തി ജീവിതം കെട്ടിപ്പെടുക്കാൻ വന്നവർക്കും തങ്ങളുടെ കഴിവുകളെ പുറംലോകത്തെത്തിക്കാൻ അവസരമൊരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. അത് അക്ഷരം പ്രതി അന്വർഥമാക്കാൻ സാധിച്ചതായി ചെയർമാൻ സുരേന്ദ്രൻ കൂട്ടായിയും കൺവീനർ മധു ബാലുശേരിയും പറഞ്ഞു.


Read Previous

പ്രവാസി കുടുംബങ്ങളുടെ വോട്ട് നഷ്ടപ്പെടരുത്; രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പ്: ഒഐസിസി ഗ്ലോബല്‍ ട്രഷറര്‍ മജീദ് ചിങ്ങോലി.

Read Next

അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ, ജിഎസ് പ്രദീപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular