ചിതറിത്തെറിച്ച മനുഷ്യമാംസം, അറ്റുവീണ കൈവിരലുകൾ; കണ്ടെടുത്ത ബോംബുകൾ നിർവീര്യമാക്കി


പാനൂർ: മുളിയാത്തോട് റോഡ് അവസാനിക്കുന്നതിന് മുൻപായി 25 മീറ്റർ നീളത്തിൽ മണൽവരമ്പ്. ഇരുവശങ്ങളിലുമായി രണ്ട് വീടുകൾ മാത്രം. ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വലിയപറമ്പത്ത് പി.വി. വിനീഷിന്റെ വീടാണ് ആദ്യം. ബോംബ് സ്ഫോടനം നടന്ന വീട് രണ്ടാമതായും കാണാം. രണ്ടേക്കറോളം പരന്നുകിടക്കുന്ന കശുമാവിൻതോട്ടത്താൽ ചുറ്റപ്പെട്ട സ്ഥലത്ത് ഈ രണ്ട്‌ വീടുകൾ മാത്രമാണുള്ളത്. ഇതിനടുത്ത് ഒരു പാറമടയും. ഈ പ്രദേശത്ത് പകൽനേരത്തുപോലും ജനസഞ്ചാരം വളരെ കുറവാണ്.

രാത്രിയിൽ വിനീഷിന്റെ വീട്ടിലേക്ക് നിരവധിയാളുകൾ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ തനിച്ചാണ് ഇവിടെ താമസിക്കുന്നത്. സ്ഫോടനം നടന്ന വീട് ലൈഫ് മിഷൻ പദ്ധയിൽ ഉൾപ്പെടുത്തി നിർമിക്കുന്നതാണ്. 1.40 ലക്ഷം രൂപ ഇതുവരെ ലഭിച്ചു. കോൺക്രീറ്റ് വരെ നടത്തി നിർമാണം നിർത്തിവെച്ചിരിക്കുകയാണ്. അടുത്ത ഗഡുവിനായി കഴിഞ്ഞ ഒൻപതുമാസമായി രാധയും കുടുംബവും കാത്തിരിക്കുന്നു. വെള്ളിയാഴ്ച രാത്രിമുതൽ വിനീഷിന്റെ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്ത് അപൂർവം ചില നാട്ടുകാർ മാത്രമാണ് എത്തിയത്.

ബോംബ് സ്ഫോടനം അന്വേഷിക്കാൻ കൂത്തുപറന്പ് എ.സി.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതായി കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ മാതൃഭൂമിയോട് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ബോംബുകൾ നിർവീര്യമാക്കിയതായും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിലെടുത്തതായി സൂചന. ബോംബ് നിർമാണത്തിൽ കുന്നോത്തുപറമ്പ്, പുത്തൂർ, കൈവേലിക്കൽ എന്നിവിടങ്ങളിലായി പത്തോളം പേർ ഉണ്ടായതായി പോലീസ് കരുതുന്നു. സ്ഫോടനംനടന്ന സ്ഥലത്ത് പാനൂർ, കൊളവല്ലൂർ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും നിലയുറപ്പിച്ചിട്ടുണ്ട്.

ബോംബ് സ്ഫോടനത്തിൽ മരിച്ച ഷരിലും ഗുരുതരമായി പരിക്കേറ്റ വിനീഷും ഉറ്റസുഹൃത്തുക്കളാണെന്ന് നാട്ടുകാർ പറഞ്ഞു. വിനീഷ് ദുബായിൽനിന്നും ഷരിൽ ബെഗളൂരുവിൽനിന്നും ജോലി മതിയാക്കി നാട്ടിൽ എത്തിയവരാണ്. ക്വട്ടേഷൻ സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും നിരവധി കേസുകളിൽ പ്രതികളാണെന്നും പോലീസ് പറഞ്ഞു. വിനീഷ് തനിച്ചാണ് താമസം.

വീട്ടുടമ പരാതി നൽകി

മുളിയാത്തോട്: നിർമാണം നടക്കുന്ന തന്റെ വീട്ടിൽക്കയറി അറിവോ സമ്മതമോ കൂടാതെ ബോംബ് നിർമാണം നടത്തുകയും ഒരാൾ മരിക്കുകയുംചെയ്ത സംഭവത്തിൽ വീട്ടുടമ കല്ലിൽ പറമ്പത്ത് രാധ പാനൂർ പോലീസിൽ പരാതി നൽകി. കൃത്യമായ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

ചിതറിത്തെറിച്ച മനുഷ്യമാംസം, അറ്റുവീണ കൈവിരലുകൾ...

സ്ഫോടനം ഒറ്റപ്പെട്ട സ്ഥലത്ത് ചുറ്റും കശുമാവിൻതോട്ടവും സമീപം പാറമടയും. സ്ഫോടനം നടന്ന വീടിന്റെ ടെറസിൽ മനുഷ്യമാംസം ചിതറിയനിലയിലായിരുന്നു. സ്ഫോടനത്തിൽ സ്റ്റീൽബോംബിന്റെ അവശിഷ്ടങ്ങൾ ടെറസിൽ മുഴുവനും ചിതറിയിട്ടുണ്ട്. വീട്ടുപറമ്പിന്റെ വടക്ക് ഭാഗത്തും മണൽവരമ്പിലും രണ്ട് വിരലുകൾ മുറിഞ്ഞുവീണനിലയിലാണ്. ഇവ പിന്നീട് ഫൊറൻസിക് വിദഗ്ധർ കണ്ടെടുത്തു. സ്ഫോടനം നടന്ന വീടുമുതൽ പ്രധാന റോഡ് വരെയുള്ള 16 സ്ഥലങ്ങളിൽ രക്തം വാർന്നൊലിച്ചനിലയിലാണ്. സംഭവസ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെയും നേതാക്കളെയും കടത്തിവിട്ടില്ല.

നിർമിച്ച ബോംബുകൾ ഒളിപ്പിക്കുന്നത് ഗുഹയിൽ

കഴിഞ്ഞവർഷം നാല് ബോംബുകൾ കണ്ടെടുത്തതിനെത്തുടർന്ന് നാട്ടുകാർ പോലീസിൽ പരാതി നൽകിയതോടെയാണ് പ്രദേശത്ത് ബോംബ് നിർമാണമുണ്ടെന്ന് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച നടന്ന സ്ഫോടനത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബോംബുകൾ കണ്ടെത്തി. ടെറസിന് മുകളിൽ ഒരെണ്ണവും വീട്ടുപറമ്പിൽ രണ്ടെണ്ണവും കണ്ടെത്തി. വീടിന് തെക്കുവശത്തുള്ള പാറമടയിൽ ഗുഹയിൽ ബക്കറ്റിൽ ഒളിപ്പിച്ചനിലയിലും ബോംബ് കണ്ടെത്തി. നിർമിച്ച ബോംബുകൾ പാറമടയിലെ ഗുഹയിൽ സൂക്ഷിക്കുന്നതായാണ് പോലീസ് നിഗമനം. കണ്ടെടുത്ത ബോംബുകൾ ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. കൂടാതെ ബോംബ് നിർമിക്കാനാവശ്യമായ അസംസ്കൃതവസ്തുക്കളും കണ്ടെത്തി.

എന്തിനാണ് സി.പി.എം. ബോംബുകൾ നിർമിക്കുന്നത് ?’; ഫെയ്‌സ്‌ബുക്കിൽ കുറിച്ച് കെ. സുധാകരൻ

കണ്ണൂർ: ബോംബ് നിർമാണത്തിനിടയിൽ സി.പി.എം. പ്രവർത്തകൻ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമായ വാർത്തയാണെന്ന് കെ.പി.സി.സി. പ്രസിഡന്റും കണ്ണൂർ പാർലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥിയുമായ കെ. സുധാകരൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

‘എന്തിനാണ് സി.പി.എം. ബോംബുകൾ നിർമിക്കുന്നത്? വ്യാപകമായ ആക്രമണങ്ങൾക്ക് സി.പി.എം. ഒരുങ്ങുകയാണെന്നാണ് ഈ സംഭവം സൂചനനൽകുന്നത്. സി.പി.എം. ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽക്കൂടി വ്യക്തമാകുന്നു. ബോംബുകൾ നിർമിച്ച് ആളെക്കൊല്ലാൻ പരിശീലിക്കുന്ന ഈ തീവ്രവാദസംഘടന ഒരു പരിഷ്കൃതസമൂഹത്തിന് ഒരിക്കലും യോജിച്ചതല്ല’- അദ്ദേഹം കുറിച്ചു.

സ്ഫോടനവുമായി ബന്ധമില്ല -സി.പി.എം.

പാനൂർ: കുന്നോത്തുപറമ്പ് മുളിയാത്തോട് സ്ഫോടനത്തിൽ സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് സി.പി.എം. പാനൂർ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദൗർഭാഗ്യകരമായ സംഭവമുണ്ടായത്. സ്ഫോടനത്തിൽ മരിച്ച ഷരിലും പരിക്കുപറ്റിയ വിനീഷും സി.പി.എം. പ്രവർത്തകരെ ആക്രമിച്ച കേസിലുൾപ്പെടെ പ്രതികളാണ്. ആ ഘട്ടത്തിൽത്തന്നെ ഇവരെ പാർട്ടി തള്ളിപ്പറഞ്ഞതുമാണ്. നാട്ടിൽ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞത്. ഈ സാഹചര്യത്തിൽ സ്ഫോടനത്തിൽ പരിക്കുപറ്റിയവർ സി.പി.എം. പ്രവർത്തകർ എന്ന നിലയിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവം എതിരാളികൾ നടത്തുകയാണ്.

കുന്നോത്തുപറമ്പ് മേഖലയിലാകെ സമാധാനന്തരിഷം നിലനിർത്താനും അതിനായി മുന്നിട്ടിറങ്ങുകയുംചെയ്ത പാർട്ടിയാണ് സി.പി.എം. സ്ഫോടനവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പാനൂർ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള ആവശ്യപ്പെട്ടു.


Read Previous

വാഹന നികുതിവെട്ടിപ്പ് കേസ്, തിരഞ്ഞെടുപ്പിനെ ബാധിയ്ക്കേണ്ട കാര്യമെന്ത്?- സുരേഷ് ഗോപി

Read Next

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച്, സ്മൃതി ഇറാനി

Leave a Reply

Your email address will not be published. Required fields are marked *

Most Popular