തീ തുപ്പി സിറാജ്, ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ച; 55 റൺസിന് പുറത്ത്


കേപ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. പരമ്പരയില്‍ സമനില പ്രതീക്ഷിച്ച് കളത്തില്‍ ഇറങ്ങിയ ഇന്ത്യയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് 55ല്‍ ഒതുങ്ങി.

6 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജാണ് കൂടുതല്‍ അപകടകാരിയായത്. തുടക്കത്തില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ കൊയ്ത് കൊണ്ടാണ് സിറാജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഡീന്‍ എല്‍ഗര്‍ (4), മാര്‍ക്രം (2), ടോണി ടി സോര്‍സി (2) എന്നി മുന്‍നിര ബാറ്റര്‍മാരാണ് കളി തുടങ്ങി മിനിറ്റുകള്‍ക്കകം കൂടാരം കയറിയത്. മറ്റു പേസര്‍മാരായ മുകേഷ് കുമാറും ബുമ്രയും സിറാജിന് മികച്ച പിന്തുണ നല്‍കി.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ അടക്കമുള്ള കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച എല്‍ഗറിന്റെ അവസാന ടെസ്റ്റാണ് ഇത്. പരിക്കേറ്റ ടെംബ ബാബുമയ്ക്ക് പകരം ടീമില്‍ ഇടംനേടിയ ട്രിസ്റ്റന്‍ സ്റ്റംബസിനും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ബുമ്രയ്ക്കാണ് വിക്കറ്റ്. ഡേവിങ് ബെഡിങ്ഹാം അടക്കം രണ്ടുപേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. ഡേവിഡ് ബെഡിങ്ഹാം 12 റണ്‍സാണ് നേടിയത്.

രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങിയത്. അശ്വിനെയും ശാര്‍ദുല്‍ ഠാക്കൂറിനെയും ഒഴിവാക്കി പകരം രവീന്ദ്ര ജഡേജയെയും മുകേഷ് കുമാറിനെയും ഉള്‍പ്പെടുത്തി. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിന് പരാജയം വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയമെന്ന മോഹമാണ് സെഞ്ചൂറിയനിലെ തോല്‍വിയോടെ വീണുടഞ്ഞത്. അതിനാല്‍ വിജയത്തോടെ സമനില പിടിച്ച് പരമ്പര നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് രോഹിത് ശര്‍മ്മയുടേയും സംഘത്തിന്റെയും ശ്രമം.


Read Previous

അൽഹസ ഒ.ഐ.സി.സി ആരവം-2023 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Read Next

മോദിയുടെ ഗ്യാരണ്ടി’, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി; ഏറ്റുവിളിച്ച് സദസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular