മകരജ്യോതിക്കൊരുങ്ങി ശബരിമല; വൻ ഭക്തജനപ്രവാഹം, കനത്ത സുരക്ഷ


പൊന്നമ്പലമേട്ടിലെ മകരജ്യോതി ദര്‍ശനത്തിനൊരുങ്ങി ശബരിമല. ഇന്നലെ പന്തളം രാജകൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. പിന്നാലെ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. ഇതോടെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും. ഒന്നര ലക്ഷത്തില്‍ അധികം ഭക്തര്‍ മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകുമെന്നാണ് കണക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയിലെത്തിയ ഭക്തര്‍(devotees) മലയിറങ്ങാതെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തുടരുകയാണ്. ഭക്തജനപ്രവാഹം ഇപ്പോഴും തുടരുകയാണ്. കനത്ത തിരക്ക് കണക്കിലെടുത്ത് ശക്തമായ സുരക്ഷ ക്രമീകരണങ്ങ ളാണ് ഒരുക്കിയിട്ടുള്ളത്. എട്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 1400 പോലീസു കാരെ ജില്ലയിലെ വിവിധയിടങ്ങളിലായി സുരക്ഷക്ക് വിന്യസിച്ചിരിക്കുന്നത്.

പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും മകരവിളക്ക് ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുല്ലുമേട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവും ഇത്തവണയുണ്ടാകും. സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങള്‍ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ.

അതേസമയം മകര വിളക്ക് കണ്ട ശേഷം സന്നിധാനത്തേക്ക് പോകാന്‍ ഭക്തരെ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. അയ്യപ്പന്മാര്‍ തിങ്ങിക്കൂടുന്ന പുല്ലുമേട്ടില്‍ പൊതുമരാമത്ത് വകുപ്പ് ബാരിക്കേഡ് നിര്‍മ്മിച്ചു. ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ 5000 ലിറ്റര്‍ വാട്ടര്‍ ടാങ്ക് ജല അതോറിറ്റി സ്ഥാപിച്ചു. പുല്ലുമേട് വരെ രണ്ടു കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സ്, മെഡിക്കല്‍ ടീമിന്റെ സേവനം, ഓരോ കിലോമീറ്റര്‍ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കുമളിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമാകും സര്‍വീസ് നടത്തുക.

മകരവിളക്കിനോടനുബന്ധിച്ച് 800 ബസുകള്‍ സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുമെന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു. നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍ ഭക്തര്‍ക്ക് തിക്കും തിരക്കുമില്ലാതെ ബസ് യാത്ര നടത്തുന്നതിനും നിര്‍ത്തിയിട്ടിരിക്കുന്ന ബസിന്റെ ഉള്ളിലേക്ക് കയറുന്നതിനുമായി നാലു ബാരിക്കേഡുകള്‍ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. പമ്പയില്‍ നിന്നും ആരംഭിക്കുന്ന ദീര്‍ഘദൂര ബസുകളില്‍ ആളുകള്‍ നിറഞ്ഞു കഴിഞ്ഞാല്‍ അവ നിലയ്ക്കല്‍ ബസ് സ്റ്റാന്റില്‍ കയറേണ്ടതില്ല. ബസില്‍ ആളു നിറഞ്ഞിട്ടില്ലെങ്കില്‍ ബസുകള്‍ നിര്‍ബന്ധമായും നിലയ്ക്കലില്‍ കയറണം. നിലയ്ക്കലിലേക്ക് പോകുന്ന ഭക്തജനങ്ങള്‍ പരമാവധി സര്‍വീസുകള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ മകരമാസ പൂജാ സമയത്തെ ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചിരുന്നു. ജനുവരി 16 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. ജനുവരി 16ന് 50,000 പേര്‍ക്കും 17 മുതല്‍ 20 വരെ പ്രതിദിനം 60,000 പേര്‍ക്കും ദര്‍ശനത്തിനായി ബുക്ക് ചെയ്യാം. ഈ ദിവസങ്ങളില്‍ പമ്പ, നിലക്കല്‍, വണ്ടിപ്പെരിയാര്‍ എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ മാത്രം സ്‌പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നാണ് അറിയിപ്പ്. 


Read Previous

കഷ്ടം, പരമ കഷ്ട… വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്’, രാമക്ഷേത്ര പരാമർശത്തിൽ ചിത്രയെ വിമർശിച്ച് സൂരജ് സന്തോഷ്‌

Read Next

ലൂർദ് പള്ളിയിലെ മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും: മാതാവിൻ്റെ തലയിൽ ചൂടിയ കിരീടം തറയിൽ വീണത് പരിഭ്രാന്തി പരത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular